മോനിഷ - ഓർമ്മകളിൽ മായാതെ 30 വർഷം
- IndiaGlitz, [Monday,December 05 2022]
മലയാളസിനിമയുടെ മുഖശ്രീയായിരുന്ന അഭിനേത്രി മോനിഷ ഓർമ്മയായിട്ട് ഇന്നേക്ക് 30 വർഷം. പതിനാലാം വയസ്സിൽ മോനിഷയെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റിയ കഥാകാരൻ എംടി വാസുദേവൻ നായരുടെ ഭാഷയിൽ, മോനിഷ- മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നാണ്.
1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷയുടെ ജനനം. അച്ഛന് ബാംഗൂരില്‍ ബിസിനസ് ആയിരുന്നു, നര്‍ത്തകിയും സിനിമയിൽ സജീവസാന്നിധ്യവുമായ ശ്രീദേവിയാണ് അമ്മ. മോനിഷയുടെ കുട്ടിക്കാലം ബാംഗൂരിലായിരുന്നു. കുട്ടിക്കാലം തൊട്ടു നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസ്സില്‍ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി. 1985ല്‍ കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന 'കൌശിക അവാര്‍ഡ്' മോനിഷയ്ക്കു ലഭിച്ചു. അരങ്ങേറ്റചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടി. പിന്നീട് പെരുന്തച്ചന്‍, കടവ്, കമലദളം, ചമ്പക്കുളം തച്ചന്‍, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലൂടെ മോനിഷയെന്ന അതുല്യ പ്രതിഭയെ മലയാളികൾ ഹൃദയത്തിലേറ്റി. ഏഴ് വർഷം കൊണ്ട് അഭിനയിച്ചത് 27 സിനിമകൾ.
1992 ഡിസംബര്‍ അഞ്ചിനു 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ചേര്‍ത്തല എക്സറേ കവലയില്‍ വച്ച് അപകടമുണ്ടാകുന്നത്. അവിശ്വസനീയമാകും വിധമാണ് ജ്വലിച്ചു നിന്ന ആ നക്ഷത്രം പൊലിഞ്ഞുപോയത്. മലയാളത്തിൽ മാത്രം ഒതുങ്ങാതെ തമിഴിലും കന്നടയിലുമെല്ലാം ആരാധകരെ തീർത്ത ജനപ്രിയ നായിക മൂന്നു പതിറ്റാണ്ടിനിപ്പുറവും വെള്ളിത്തിരയിൽ നഖക്ഷതമേൽക്കാത്ത കമലദളമായി വിരിഞ്ഞു നിൽക്കുന്നു.