ദൃശ്യം ഇനി ചൈനയിലേയ്ക്ക്

  • IndiaGlitz, [Friday,June 16 2017]

മലയാളത്തിലെ എവർഗ്രീൻ ഹിറ്റായി മാറിയ ദൃശ്യം ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം അന്നത്തെ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച ഒരു ഫാമിലി ത്രില്ലർ മൂവിയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദിഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. ഇതിനു പുറമേയാണ് ദൃശ്യം രാജ്യം വിട്ട് പറക്കാൻ ഒരുങ്ങുന്നത്.

ഇതോടെ ആദ്യമായി ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്ന മലയാള ചിത്രമെന്ന് ബഹുമതി ദൃശ്യത്തിന് മാത്രം സ്വന്തം. മൊഴിമാറ്റവുമായി ബന്ധപ്പെട്ട ജോലികൾക്കായി ചിത്രത്തിന്റെ നിർമ്മാതാവു കൂടിയായ ആന്റണി പെരുമ്പാവൂർ ചൈനയിലേക്ക് പോയെന്നും അറിയുന്നു. ഇതേക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

2013ൽ പുറത്തിറങ്ങിയ ചിത്രം 75 കോടി രൂപ ലാഭം കൊയ്തിരുന്നു. നിലവിൽ ആമിർ ഖാൻ നായകനായ ദംഗൽ, രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തുടങ്ങിയവ വിജയകരമായി ചൈനയിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയായി മാറിക്കഴിഞ്ഞു ദംഗൽ.