ജപ്പാനിൽ വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

  • IndiaGlitz, [Saturday,April 29 2023]

35-ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും സുചിത്രയും. 35 വർഷത്തെ പ്രണയത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും ആഘോഷം എന്ന് കുറിച്ച് ടോക്കിയോയിൽ നിന്നുള്ള ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വച്ചു. കേക്ക് മുറിച്ച് സുചിത്രയ്ക്ക് നൽകുകയാണ് ചിത്രത്തിൽ മോഹൻലാൽ. അനവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മോഹൻലാലും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ ജപ്പാനിലേക്ക് പോയത്.

സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്ന ജപ്പാനിൽ നിന്നുള്ള ഒരു അതിമനോഹര ചിത്രം താരം കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു. ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. 1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമ്മാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.