മോദി പരാമർശം: രാഹുല്‍ ഗാന്ധിക്ക് വിധി ഇന്ന്

  • IndiaGlitz, [Thursday,April 20 2023]

മോദി പരാമർശവുമായി ബന്ധപ്പെട്ട് ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി അപ്പീൽ സമർപ്പിച്ചിരുന്നു. സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും എന്നതു കൊണ്ട് സൂറത്ത് കോടതിയുടെ വിധി നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ കോടതി കഴിഞ്ഞ പതിമൂന്നിന് വിശദമായ വാദം കേട്ടിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട വാദത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്നും സ്‌റ്റേ നല്‍കരുതെന്നും പരാതിക്കാരനും ബിജെപി എംഎല്‍എയുമായ പൂര്‍ണേശ് മോദിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗം സൂറത്ത് കോടതിയുടെ പരിഗണനയില്‍ എങ്ങനെ വരുമെന്നും അനീതി നേരിട്ടു എന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനും വാദിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പൂര്‍ണേശ് മോദി സമയം തേടിയെങ്കിലും അത് തള്ളിയാണ് ജഡ്ജി റോബിന്‍ മൊഗ്രെ അപേക്ഷ ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്.