മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനെ വിമർശിച്ച് എം എം മണി
- IndiaGlitz, [Thursday,October 19 2023]
മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താൽ മതിയെന്നും കൈയ്യേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി വിമർശിച്ചു. ആനയിറങ്കല്‍- ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഏല കൃഷി നടത്തിയ സ്ഥലമാണ് ആദ്യം ഒഴിപ്പിച്ചത്. ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്‍റേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കര്‍ അമ്പത്തി അഞ്ച് സെന്‍റ് സ്ഥലമാണ് ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.