ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങി എം.എം കീരവാണി
- IndiaGlitz, [Wednesday,January 11 2023]
പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എം.എം കീരവാണിയിലൂടെ ഇന്ത്യയിലെത്തി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിൻ്റെ സംഗീത സംവിധായകന് എം.എം കീരവാണിയാണ് ആര്‍ആര്‍ആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിനു മുമ്പ് 2009ല്‍ എ ആര് റഹ്മാനാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രത്തിലൂടെയാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്കാരം എത്തിച്ചത്.
പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തിൽ എസ്.എസ് രാജമൗലിയ്ക്കും ചിത്രത്തിൻ്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ ഈ സന്തോഷം തൻ്റെ ഭാര്യയുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നതായും കീരവാണി അഭിപ്രായപ്പെട്ടു. ആര് ആര് ആര് ൻ്റെ നേട്ടത്തെ പ്രശംസിച്ചു കൊണ്ട് എ.ആര് റഹ്മാന്, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ചിത്രത്തിൽ ഈ പാട്ടുരംഗത്തിൽ നൃത്തം ചെയ്യാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അഭിനേതാക്കളായ രാംചരണും ജൂനിയർ എൻ ടി ആറും പറഞ്ഞു.