അർജുന് കൈത്താങ്ങായി എംഎല്‍എ കെ ബി ഗണേഷ് കുമാര്‍

  • IndiaGlitz, [Monday,March 20 2023]

പത്തനാപുരം കമുകുംചേരി സ്വദേശിനിയായ അഞ്ജുവിനും എഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനും ഗണേഷ് കുമാര്‍ എംഎല്‍എ ആശ്വാസത്തിൻ്റെ തണലായി. നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കാം, ഞാന്‍ പഠിപ്പിക്കും. എൻ്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ ഇവനെ പഠിപ്പിക്കും, എൻ്റെ സ്വപ്‌നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം, നന്നായി പഠിക്കണമെന്ന് വീണ്ടും വീണ്ടും ചേര്‍ത്ത് പിടിച്ച് അര്‍ജുനോട്‌ പറയുന്നതും ഈ ചേര്‍ത്തുപിടിക്കലിൻ്റെ സന്തോഷത്തില്‍ കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന എംഎല്‍എ കെ ബി ഗണേഷ് കുമാറിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വീടില്ലാതെ വിഷമിക്കുന്ന അമ്മയെയും മകനെയും ചേര്‍ത്ത് നിർത്തി കുട്ടിക്ക് വേണ്ട എല്ലാ പഠന സൗകര്യവും വീടും ഒരുക്കി നല്‍കുമെന്നും എംഎല്‍എ ഉറപ്പുനല്‍കി. ലൈഫ് പദ്ധതിയില്‍ നിന്ന് പല കാരണങ്ങള്‍കൊണ്ട് വീട് ലഭിക്കാത്തതിനാലാണ് അവര്‍ക്ക് വീട് വച്ച് നല്‍കാന്‍ തീരുമാനിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് പറഞ്ഞാണ് ഈ കുട്ടിയുടെ കാര്യം അറിഞ്ഞത്; ഒരു കുട്ടിയുണ്ടെന്നും അവൻ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും അവർക്ക് ഒരു വീടില്ലാത്ത അവസ്ഥയാണ് എന്നും അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വീട് പണിക്കായി എല്ലാവരും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും അവിടെ ഉണ്ടായ നാട്ടുകാരോടും ജനപ്രതിനിധികളോടും അദ്ദേഹം പറയുകയുകയും ചെയ്തു.