ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ
- IndiaGlitz, [Friday,June 09 2023]
ലോകസുന്ദരി മത്സരത്തിന് ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കും. 71ാമതു ലോകസുന്ദരി മത്സരമാണു ഇന്ത്യയിലേക്കു എത്തുന്നത്. മത്സരം ഈ വർഷം നവംബറിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മത്സരത്തിൻ്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല. 27 വർഷങ്ങൾക്ക് ശേഷമാണ് ലോകസുന്ദരി മത്സരം ഇന്ത്യയിൽ നടക്കുന്നത്. 1996 ലാണു ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്. അന്ന് ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു.
മിസ് വേൾഡ് ഓർഗനൈസേഷന്റേതിന് സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തു വച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതിൽ വളരെ ആവേശത്തിലാണെന്നു നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്സ്ക പറഞ്ഞു. ലോകത്തിൽ വച്ചേറ്റവും ആതിഥ്യ മര്യാദയുള്ള രാജ്യമാണ് ഇന്ത്യ. രണ്ടാം തവണയാണു താനിവിടെ. വീടു പോലയാണ് തനിക്ക് ഇന്ത്യ കരലീന ബിയെലവ്സ്ക പറഞ്ഞു. ആറു തവണയാണ് ഇന്ത്യ ലോകസുന്ദരി പട്ടം ചൂടിയത്. റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017) എന്നിവരാണു ഇന്ത്യയിലേക്കു ലോകകസുന്ദരി കിരീടം എത്തിച്ചത്.