മത്സ്യത്തൊഴിലാളികളോട് മന്ത്രിമാര്‍ മാപ്പ് പറയണം: വി ഡി സതീശൻ
- IndiaGlitz, [Tuesday,July 11 2023]
മത്സ്യത്തൊഴിലാളി സമൂഹത്തോട് മന്ത്രിമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മാസത്തിനിടെ മുതലപ്പൊഴിയില്‍ പത്തിലേറെ അപകടങ്ങളാണ് സംഭവിച്ചത്. നിരന്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നവരുടെ പ്രതികരണം വൈകാരികം ആയിരിക്കും. അത് ഭരണകര്‍ത്താക്കള്‍ മനസിലാക്കണം, ഷോ കാണിക്കരുത് എന്നാണ് മത്സ്യത്തൊഴിലാളികളോട് മന്ത്രി പറഞ്ഞത്. അതിനാൽ മത്സ്യത്തൊഴിലാളി സമൂഹത്തോട് മന്ത്രിമാര്‍ പരസ്യമായി മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരായ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീര പ്രദേശത്തുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയ്ക്കെതിരെ എടുത്ത കേസ് ഉടൻ പൻവലിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ പ്രശ്നം പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടതാണ്. അടിയന്തര പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി മറുപടി നൽകിയിരുന്നു.അറുപതിൽ അധികം പേരാണ് അവിടെ കൊലചെയ്യപ്പെട്ടത്. ഇതിന് കാരണം സർക്കാരിൻ്റെ അനാസ്ഥ ആണെന്നും സതീശൻ കുറ്റപ്പെടുത്തി.