മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് അപകടം: പോലീസ് കേസെടുത്തു

  • IndiaGlitz, [Thursday,July 13 2023]

കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകട സമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ആംബുലൻസ് ഡ്രൈവർ നിതിൻ നേരത്തെ പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.

കേസ് നൽകാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നു എന്നും പൊലീസ് ചോദിച്ചതായി നിതിന്‍ പറഞ്ഞു. തന്നെ പ്രതിയാക്കാനാണ് പൊലീസ് നീക്കമെന്നും നിതിന്‍ ഉന്നയിച്ചു. ഇന്നലെ വൈകിട്ടാണ് കൊട്ടാരക്കരയിൽ വച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ വാഹനത്തിന് തൊട്ടുമുന്നിൽ സഞ്ചരിച്ച പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അപകടം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയുമായി പോയ ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്കും ബന്ധുവിനും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും എതിർ ദിശയിൽ വന്ന ബൈക്കിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.