ഭക്ഷ്യ സുരക്ഷ കർശനമാക്കുമെന്ന് മന്ത്രി വീണ ജോർജ്

  • IndiaGlitz, [Tuesday,August 15 2023]

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരവും, സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകും.

ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, ശർക്കര, പായസം മിക്സ്, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പു വർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ എന്നിവടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ഉണ്ടാകും. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉറപ്പാക്കേണ്ടതാണ്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമ നടപടികൾ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.