മായം തടയുന്നതിന് 'ഓപ്പറേഷൻ ഓയിൽ' പദ്ധതിയുമായി മന്ത്രി വീണ ജോർജ്
Send us your feedback to audioarticles@vaarta.com
മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന് ഓയില്‍’ എന്ന പേരില്‍ സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടിസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്നും അറിയിച്ചു.
ബ്രാന്‍ഡ് റജിസ്ട്രേഷന് എല്ലാ വെളിച്ചെണ്ണ നിര്‍മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കണം. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും.
സംസ്ഥാനത്തു സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാംപെയ്ന് നടപ്പിലാക്കി. ഓപ്പറേഷന് ഷവര്‍മ, ഓപ്പറേഷന് മത്സ്യ, ഓപ്പറേഷന് ജാഗറി തുടങ്ങിയ പരിശോധനകള്‍ ശക്തമാണ്. ഒക്ടോബര്‍ മുതല്‍ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാംപിളുകള്‍ ശേഖരിച്ച് ലാബുകളില്‍ അയച്ചിട്ടുണ്ട്.
294 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടിസ് നല്കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി 446 പരിശോധനകള്‍ നടന്നു, 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന് ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി, മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. തുടർന്ന് ഷവര്‍മ നിര്‍മാണത്തിനു മാര്‍ഗനിര്‍ദേശം പുറത്തിറക്കി, ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചെന്നും മന്ത്രി അറിയിച്ചു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments