സ്വാഗതഗാന വിവാദം അന്വേഷിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
- IndiaGlitz, [Wednesday,January 11 2023]
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് രംഗത്തു വന്നു. സ്വാഗത ഗാനത്തിൽ ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയെ ഉപയോഗിച്ചത് എൽഡിഎഫ് സർക്കാരും കേരള സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. ഇത്തരത്തിലുള്ള ചിത്രീകരണം അനാവശ്യ വിവാദങ്ങളിലൂടെ കലോത്സവത്തിൻ്റെ ശോഭ കെടുത്താൻ മനപ്പൂർവം ആസൂത്രണം ചെയ്തതാണെന്നു സംശയിക്കുന്നതായും അന്വേഷണം നടത്തണമെന്നുമാണ് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ ആവശ്യം.
സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടനയും അഭിപ്രായം മുന്നോട്ട് വച്ചു. 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിൽ പെട്ടവരുമുണ്ട്. പരിപാടി കഴിഞ്ഞപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം ഉപഹാരം തന്നത്. അപ്പോൾ പരാതികൾ ഇല്ലായിരുന്നുവെന്നും ഇപ്പോഴുണ്ടായ വിവാദം ഖേദകരമാണെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് മാധ്യമങ്ങളോട് പറഞ്ഞു.