പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് മന്ത്രി ആർ.ബിന്ദു
- IndiaGlitz, [Friday,July 28 2023]
പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. യുജിസി റെഗുലേഷൻ കമ്മിറ്റി പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രി ഇടപെട്ടതിനെ തുടർന്നായിരുന്നു. ഇതോടെ പിഎസ്‌സി അംഗീകരിച്ച യോഗ്യരായ 43 പേരുടെ പട്ടികയിലാണ് മാറ്റം വന്നിരിക്കുന്നത്.
മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടിയത് 43 പേരാണ്. ഇവരെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ഇതിന് പി എസ് സി അംഗീകാരം നല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശിച്ചിരുന്നു. പി എസ് സി അംഗീകരിച്ച പട്ടികയെ കരട് പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12ന് മന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ യു.ജി.സി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല.