നിർമാണ പ്രവർത്തനങ്ങൾക്ക് 182 കോടിയുടെ ഭരണാനുമതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- IndiaGlitz, [Tuesday,October 10 2023]
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 28 റോഡ് പ്രവൃത്തികൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചു.
സ്മാർട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 15 കെട്ടിടങ്ങൾക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകി. ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികൾക്കാണ് അനുമതി. ബജറ്റിൽ ഉൾപ്പെട്ടിരുന്ന 101 റോഡുകൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. അവയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികളും വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.