ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന സിംഹാസനത്തിൽ അർജൻറ്റൈൻ ഇതിഹാസം ലയോണൽ മെസി. ഇന്റർ മയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. ലീഗ്‌സ് കപ്പിലെ ടോപ് സ്‌കോറർ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും മെസി പേരിലാക്കി. മെസിയുടെ കരിയറിലെ 44-ാം കിരീടമാണിത്. 43 ട്രോഫികളുമായി ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരമായി കളിച്ച ബ്രസീലിൻ്റെ ഡാനി ആല്‍വ്‌സിൻ്റെ റെക്കോര്‍ഡിനൊപ്പം ആയിരുന്നു ഇതുവരെ മെസി.
മയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ മെസി നേട്ടം സ്വന്തം പേരില്‍ മാത്രമാക്കി മാറ്റി. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങൾക്ക് മാത്രം ശേഷമാണ് ക്ലബിൽ മെസിയുടെ കന്നി കിരീട ധാരണം. കലാശപ്പോരാട്ടത്തിൽ കരുത്തരായ നാഷ്‌വില്ലിനെ തകർത്താണ് ഇന്റർ മയാമി കന്നി ലീഗ്‌സ് കപ്പ് സ്വന്തമാക്കിയത്. സഡൻ ഡെത്തിൽ 10-9 എന്ന നിലയിലായിരുന്നു മയാമിയുടെ വിജയം. ലീഗ്‌സ് കപ്പിലെ ടോപ് സ്‌കോറർ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും മെസിക്കാണ്. ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഒരു ഗോളും മെസി നേടിയിരുന്നു. മത്സരത്തിൻ്റെ 23ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ഇടംകാൽ ഷോട്ടിലൂടെ മെസി മയാമിയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ഫഫാ പിക്കൗൾട്ടിലൂടെ നാഷ് വില്ല സമനില പിടിച്ചു. പിന്നീടാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.