മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

ലോകകപ്പ് ജേതാവ് ലയണല്‍ മെസ്സി ഇനി അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍. പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ മത്സരത്തിൽ ഗ്രഗോറിൻ്റെ അഭാവത്തിൽ മെസ്സിയാണ് ടീമിനെ നയിച്ചിരുന്നത്. ക്രൂസ് അസുലിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് മെസ്സി അമേരിക്കൻ ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ചത്. മയാമിക്ക് പകരക്കാരനായി അന്ന് ഗ്രൗണ്ടിലിറങ്ങിയ മെസ്സി വിജയ ഗോള്‍ നേടുകയും ചെയ്തിരുന്നു.

കാലിനേറ്റ പരിക്കിനെത്തുടന്ന് പുറത്തിരിക്കുന്ന ബ്രസീലിയന്‍ താരം ഗ്രഗോറിൻ്റെ പിൻഗാമിയായാണ് മെസ്സി ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്നത്. ഇന്റർ മയാമിക്കായുള്ള രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ച വെച്ചത്. 8-ാം മിനിറ്റിലും 22-ാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ ഗോളുകൾ. റോബർട്ട് ടെയ്ലറും ഇരട്ട ഗോളുമായി തിളങ്ങി. 44, 53 മിനിറ്റുകളിലായിരുന്നു ടെയ്ലറുടെ ഗോളുകൾ. ഇതിൽ 53-ാം മിനിറ്റിലെ ഗോളിന് വഴിയൊരുക്കിയത് മെസ്സിയായിരുന്നു.