മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായി കരാറിലെത്തി
- IndiaGlitz, [Thursday,June 08 2023] Sports News
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിയിലേക്ക് പോകുന്ന വിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് പുറത്തു വിട്ടു. മെസ്സി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി വേര്‍പിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതു മുതല്‍ മെസിയെ നോട്ടമിട്ട് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതില്‍ സൗദി അറേബ്യന്‍ പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ 40 കോടി യൂറോയോളം മെസിക്ക് ഓഫര്‍ വെച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയുടെയും സൗദി അറേബ്യയിലേക്കുള്ള കൂടുമാറ്റമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാവരെയും ഞെട്ടിച്ച് ഇന്റര്‍ മയാമിയുമായി മെസ്സി കരാറിൽ എത്തുകയായിരുന്നു.
അമേരിക്കയിലെ ജീവിത ശൈലി മെസിക്കും കുടുംബത്തിനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതു കൊണ്ട് തന്നെ മെസി അമേരിക്കന്‍ ക്ലബ്ബിനെ തിരഞ്ഞെടുത്തതിനു കാരണമാണ്. മുൻ ക്ലബ്ബായിരുന്ന ബാഴ്സലോണയിലേക്ക് പോകാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞ മെസ്സി, ഇനി തന്നെ ടീമിലെടുക്കുന്നതിനായി നിലവിലെ ക്ലബ്ബിൻ്റെ സാമ്പത്തിക സ്ഥിതി വെച്ച് അവർ ഒരു ഫോർമുല കണ്ടെത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. എൻ്റെ ഭാവി മറ്റാരുടേയെങ്കിലും കൈകളിൽ ഏൽപിക്കാൻ താൽപര്യമില്ല. ബാർസയിലേക്കു തിരികെ വരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതു നടന്നില്ല. ഇനി കുടുംബത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കണം. വ്യക്തിപരമായ സന്തോഷം കണ്ടെത്താൻ സാധിക്കാത്ത രണ്ടു വർഷങ്ങളാണ് എനിക്കുണ്ടായത്. ലോകകപ്പ് നേടിയ ആ മാസം മനോഹരമായിരുന്നു, പക്ഷേ മറ്റെല്ലാം കൊണ്ടും എനിക്കു ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. എനിക്ക് സന്തോഷം വീണ്ടെടുക്കണം. കുടുംബത്തോടൊപ്പമുള്ള ജീവിതം ആസ്വദിക്കണം. അതുകൊണ്ടാണ് ബാർസിലോനയിലേക്കു പോകേണ്ടെന്നു തീരുമാനിച്ചത്’’ മെസ്സി വ്യക്തമാക്കി.