ഇന്റർ മയാമിയിൽ മെസ്സിയുടെ അരങ്ങേറ്റം ജൂലൈ 21ന്

യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിയിൽ അർജന്റീന താരം ലയണൽ മെസ്സിയുടെ അരങ്ങേറ്റം ജൂലൈ 21ന്. ടീമിൻ്റെ ഹോം മത്സരത്തിലാണ് മെസ്സിയെ ആദ്യമായി അവതരിപ്പിക്കുക എന്ന് ടീം ഉടമ ജോര്‍ജ് മാസ് അറിയിച്ചു. മെസ്സിയുടെ വരവു പ്രമാണിച്ച് മയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആർവി പിങ്ക് സ്റ്റേഡിയത്തിൽ 3000 ഇരിപ്പിടങ്ങൾ കൂടി ക്രമീകരിക്കുമെന്നു ക്ലബ് അറിയിച്ചു. ഇതോടെ ഗാലറി ശേഷി 22,000 ആയി ഉയരും. തൻ്റെ ക്ലബ്ബും മെസ്സിയും കരാർ നിബന്ധനകളുടെ കാര്യത്തിൽ ധാരണയിൽ എത്തിയതായും കരാർ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുത്തതായും ജോർജ് വ്യക്തമാക്കി.

2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാര്‍ എന്നും ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും എന്നും ടീം ഉടമ ജോര്‍ജ് മാസ് അറിയിച്ചു. കരാര്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വന്‍തുകയ്ക്കാണ് റീസെയ്ല്‍ നടക്കുന്നത്. നിലവില്‍ 15 ടീമുകളുള്ള എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റര്‍ മയാമി. 16 മത്സരങ്ങളില്‍ 11ലും തോറ്റ ഇന്റര്‍ മയാമി മെസിയിലൂടെ മുന്നേറാമെന്ന പ്രതീക്ഷയിലാണ്. ഈ മാസം 30 വരെ പിഎസ്ജിയുമായി മെസ്സിക്ക് കരാറുണ്ട്.