റഫറിക്കെതിരെ വിമർശനവുമായി മെസിയും മാര്‍ട്ടിനെസും

മത്സരശേഷം മെസിയും മാര്‍ട്ടിനെസും റഫറിക്കെതിരെ ആഞ്ഞടിച്ചു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് ഫിഫ നിയോഗിക്കരുതെന്ന് മെസി തുറന്നടിച്ചു. ഫിഫയുടെ നടപടി വരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞു. റഫറി അന്റോണിയോ ലാഹോസ് കഴിവുകെട്ടവനെന്നും നെതര്‍ലന്‍ഡ്‌സിന് ഗോളടിക്കാന്‍ വേണ്ടി സമയം നീട്ടിനല്‍കിയെന്നും ആയിരുന്നു മാര്‍ട്ടിനെസിൻ്റെ പ്രതികരണം.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ജയം ഉറപ്പിച്ച് അവസാന കിക്കിന് ശേഷം ലിയോണല്‍ മെസി ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ ആലിംഗനം ചെയ്‌തു. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. അര്‍ജന്റീനന്‍ ഗോളി എമി മാര്‍ട്ടിനസ് പറവയാവുകയായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍. 4-3ൻ്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിന് എതിരെ ജയം ഉറപ്പിച്ച് കിക്കെടുത്ത ലൗട്ടൗരോ മാര്‍ട്ടിനെസിന് അരികിലേക്ക് മറ്റെല്ലാ താരങ്ങളും ഓടുമ്പോള്‍ മെസ്സി മാത്രമാണ് എമിലിയാനോയ്ക്ക് അടുത്തേക്ക് എത്തിയത്. ഇരുവരും ആലിംഗനം ചെയ്യുകയും മറ്റ് താരങ്ങള്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുക്കയും ചെയ്ത വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.