മീരാ ജാസ്മിൻ, നരേൻ ഒന്നിക്കുന്ന ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്

  • IndiaGlitz, [Saturday,July 15 2023]

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ, നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിന് ഒരുങ്ങുകയാണ്. അച്ചുവിൻ്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്‌ ഈ ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്. ക്വീൻ എലിസബത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ആയിരുന്നു.

തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം.പത്മകുമാർ ഒരുക്കുന്ന ക്വീൻ എലിസബത്തിലൂടെ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട മീരാ ജാസ്മിൻ. ഒപ്പം നരേൻ, താൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായി മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോൾ കൈയ്യടി നേടുമെന്നുറപ്പാണ്. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി.എം: രഞ്ജിൻ രാജ്, ഗാന രചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ P രാജ്, പോസ്റ്റർ ഡിസൈൻ: മനു.