രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്ൻ ഫസ്റ്റ് ടീമിൽ തിരിച്ചെത്തിയതായി ക്ലബ് റിപ്പോർട്ട് ചെയ്തു. ക്ലബുമായി ധാരണയിലെത്താൻ കഴിയാതെ വന്നതിനു പിന്നാലെ ആണ് എംബാപ്പെയെ മാറ്റി നിർത്തി ടീം ലോറിയന്റിനെതിരായ ഇലവനെ പ്രഖ്യാപിച്ചത്. ഈ സീസൺ കൂടി കരാർ ബാക്കിയുള്ള എംബാപ്പെ അത് പൂർത്തിയാക്കി റയൽ മഡ്രിഡിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, പോകുന്നെങ്കിൽ ഈ സീസൺ അവസാനിക്കും മുമ്പ് വിടണമെന്ന് പിഎസ്ജിയും പറയുന്നു.
താരവും മാനേജ്മെന്റും തമ്മിൽ ഒത്തുതീർപ്പ് വഴികൾ അടഞ്ഞതോടെ ആണ് ടീം ഇലവനിൽ നിന്ന് ഫ്രഞ്ച് സൂപ്പർ താരം പുറത്തായത്. എഫ്‌സി ലോറിക്കെതിരായ ആദ്യ മത്സരത്തിൽ പിഎസ്ജിക്ക് സമനില നേടാനെ കഴിഞ്ഞുള്ളൂ. ഇതിന് പിന്നാലെയാണ് ഫ്രാൻസിൻ്റെ ലോകകപ്പ് ഹീറോയെ പിഎസ്ജി തിരിച്ച് വിളിച്ചത്. ലോറിയക്കെതിരായ മത്സരത്തിന് മുമ്പ് എംബാപ്പെയുമായി ചർച്ച നടത്തിയതായി ക്ലബ് അധികൃതർ പറഞ്ഞു. പിന്നീട് പരിശീലന സെഷനിൽ താരത്തെ ഉൾപ്പെടുത്തിയതായി ക്ലബ് അധികൃതരും വ്യക്തമാക്കി. ഫ്രാൻസിൻ്റെ ലോകകപ്പ് ഹീറോയെ തേടി സൗദിയിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു. എന്നാൽ യൂറോപ്പ്യൻ ഫുട്ബോളിൽ തുടരാൻ ആഗ്രഹിക്കുന്ന താരം ഇത് നിരസിക്കുക ആയിരുന്നു.