സ്കൂൾ കലോത്സവത്തിന് മാസ്ക് നിർബന്ധം
- IndiaGlitz, [Thursday,December 29 2022]
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പു വരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. 2023 ജനുവരി 3 രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ സ്കൂൾ കലോത്സവത്തിന് പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 മണിക്കും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുന്നത്. ജനുവരി 2 ന് രജിസ്ട്രേഷൻ തുടങ്ങും. മോഡൽ സ്കൂളാണ് രജിസ്ടേഷൻ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടർ ഒരുക്കും.
കലാകാരൻമാർക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും. എല്ലാ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂർത്തിയാകും. കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള കുറ്റമറ്റ വിധി കർത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. അപ്പീൽ വന്നാൽ സ്വീകരിക്കുന്നതിനായി എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോർഡിങ്ങ് ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള 14,000 കുട്ടികൾ കൗമാരകലാമാമാങ്കത്തിൽ പങ്കെടുക്കും.
അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷൻ ജനുവരി 3 മുതൽ 7 വരെ സാമൂതിരി സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കും.