മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു
- IndiaGlitz, [Saturday,August 26 2023]
ഓൺലൈൻ ചാനലായ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ ആണ് അറസ്റ്റ്. മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചുവെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ഇന്ന് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുന്ന ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. ഇന്ന് രാവിലെ 10ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരമാണ് ഷാജൻ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ബിഎസ്എൻഎല്ലിൻ്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഷാജൻ സ്‌കറിയ പൊലീസിൻ്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ച് പി വി അൻവറും ഡിജിപിക്ക് പരാതി നൽകിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു.