മഞ്ജുവാര്യർ ഡബ്ല്യൂ സീ സി എന്ന സംഘടനയിലേക്ക് ഇനി ഇല്ല
- IndiaGlitz, [Thursday,January 04 2018]
സിനിമ നടിമാരുടെ ഉന്നമനത്തിനായി തുടങ്ങിയ ഒരു സംഘടന ഉപയോഗിച്ച് ചീപ്പ് പബ്ലിസിറ്റി നടത്താൻ അംഗങ്ങൾ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. പാർവ്വതിയുടെ മമ്മൂട്ടി പരാമർശം ആയിരുന്നു ആദ്യത്തെ പ്രശ്നം. പാർവതി ഉന്നയിച്ച പരാമർശത്തെ പിന്താങ്ങി മഞ്ജുവാര്യർ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സോഷ്യൽ മീഡിയയിലെ വിവാദ പരാമർശങ്ങളിലൂടെ കിട്ടുന്ന പ്രശസ്തിയിൽ താൽപര്യമില്ലെന്ന് താരം മുന്നേ അറിയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വിവാദതീ ആളിക്കത്തുമ്പോൾ മഞ്ജുവാര്യർ വിവാദങ്ങളിൽ നിന്ന് മാറി തീരദേശക്കാർക്ക് നന്മമരം ആയി മാറുകയായിരുന്നു. ഇത്തരം നന്മകൾ മഞ്ജുവാര്യർ സമൂഹത്തിനുവേണ്ടി ചെയ്യുമ്പോഴും ഡബ്ല്യൂ സിസി അംഗങ്ങൾ പുതുവത്സര സന്ദേശമായി ഉയർത്തിക്കാട്ടിയത് മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു.
സംഘടനയിൽ അംഗമാണെങ്കിലും അടുത്തിടെയായി സംഘടനയുടെ പല തീരുമാനങ്ങളും മഞ്ജു അറിയുന്നുണ്ടായിരുന്നില്ല. മമ്മൂട്ടിക്കെതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഉൾപ്പെടെ താരത്തിന്റെ അറിവോടുകൂടി അല്ല നടന്നത്. ഇതാണ് മഞ്ജുവാര്യരെ ഡബ്ല്യൂ സീ സിയിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ച പ്രധാനഘടകം എന്നാണ് റിപ്പോർട്ട്. ഷെയർ ചെയ്ത് ലേഖനം പിന്നീട് പിൻവലിച്ചെങ്കിലും മമ്മൂട്ടിയെ വ്യക്തിപരമായി വിമർശിക്കുന്ന ലേഖനം ഷെയർ ചെയ്തതിനു മഞ്ജുവിന് കടുത്ത വിയോജിപ്പാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ സംഘടന പ്രവർത്തികളിൽ കടുത്ത അതൃപ്തിയാണ് താരത്തിന്.
സിനിമയിൽ തനിക്ക് സ്ത്രീവിരുദ്ധ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ തന്റെ സുഹൃത്തുക്കൾക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുണ്ട് എന്ന് മഞ്ജു വാര്യർ അടുത്തിടെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി. ഈ വാക്കുകൾ മാത്രമാണ് ഈ വിവാദത്തെകുറിച്ച് മഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം. അതു തന്നെയാകാം പാർവ്വതിയെ പുതിയ ട്വീറ്റ് ഇടാൻ പ്രേരിപ്പിച്ച പ്രധാന ഘടകവും. ജീവിച്ചിരിക്കാൻ പറ്റിയ സമയം എല്ലാവരുടെയും തനിനിറം പുറത്തു വരുന്നു എന്ന് ട്വീറ്റ് ചെയ്തു പാർവതി അടുത്ത് വിവാദത്തിന് തിരി തെളിയിച്ചിരിക്കുകയാണ്. ഇതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് നടന്ന് മഞ്ജുവും.