മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനുൾപ്പെടെ കോടതിയിൽ ഹാജരാകണം

  • IndiaGlitz, [Tuesday,September 12 2023]

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുൾപ്പെടെ ഈ മാസം 21 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചു എന്നും ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്. കെ സുരേന്ദ്രൻ ഒന്നാം പ്രതിയാണ്‌. സുരേന്ദ്രൻ്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ. ജില്ലാ ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌.