മണിപ്പൂർ കലാപം: സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി
- IndiaGlitz, [Saturday,September 30 2023]
മണിപ്പൂരിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് സംസ്ഥാന നേതാക്കൾ കത്തയച്ചു. ബിജെപി മണിപ്പുർ അധ്യക്ഷ എ ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പു വച്ച കത്താണ് നൽകിയത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു എന്നും ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചു.
പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർഥന നടത്തി. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയ പാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മണിപ്പൂരിൽ പ്രശ്നക്കാരെ അറസ്റ്റു ചെയ്യണം എന്നും കത്തിൽ പറഞ്ഞു. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചത്. ദേശീയ പാതകളിൽ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിൻ്റെ ആവശ്യകതയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ എടുത്തു പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം, വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ട പരിഹാരം നൽകണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.