മണിപ്പൂർ വിഷയം; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു
- IndiaGlitz, [Monday,July 24 2023]
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പാർലമെന്റിൻ്റെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു. സഭ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭയിലെ ബഹളത്തിനിടയിൽ, ചെയർമാൻ്റെ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് എഎപി എംപി സഞ്ജയ് സിംഗിനെ മൺസൂൺ സമ്മേളനത്തില്‍ നിന്നും പൂർണ്ണമായും ചെയർമാൻ ജഗ്ദീപ് ധങ്കർ സസ്പെൻഡ് ചെയ്തു.
സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് മുമ്പ് സഞ്ജയ് സിംഗ് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. വിഷയം ചോദ്യോത്തര വേളയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്‌പീക്കര്‍ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയിരുന്നു.