മണിപ്പൂർ സംഘർഷം: നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

  • IndiaGlitz, [Thursday,July 20 2023]

ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യക്ക് മിണ്ടാതിരിക്കാൻ ആവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലിൻ്റെ അഭാവവും ആണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.

ഞങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനമാണ് സംസ്ഥാനത്ത് എപ്പോഴും പുലരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിലാണ് മേയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎൽഎഫാണ് വിഡിയോ പുറത്തു വിട്ടത്. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് വിശേഷിപ്പിച്ച അവര്‍ സംഭവത്തെ അപലപിക്കുന്നു എന്നും ട്വീറ്റ് ചെയ്തു.