മാമുക്കോയ ഇനി ഓർമ്മകളിൽ ജീവിക്കും ഖബറടക്കം ഇന്ന്
- IndiaGlitz, [Thursday,April 27 2023]
അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന്. രാവിലെ ഒൻപതരയ്ക്ക് വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടക്കുന്ന മയ്യത്ത് നമസ്കാരത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ണംപറമ്പ് കബർസ്ഥാനിൽ കബറടക്കും. ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മരണം. ഉച്ചയ്ക്ക് മൂന്നേകാൽ മുതൽ രാത്രി 10 വരെ ടൗൺ ഹാളിൽ പൊതുദർശനം നടന്നു. മഹാനടന് അന്ത്യോപചാരം അർപ്പിക്കാനായി സിനിമ നാടക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ആണ് ഇന്നലെ മുതൽ എത്തിയത്. മലപ്പുറം കാളികാവിൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ വെച്ച് തിങ്കളാഴ്ച ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അർബുദബാധയെ അതിജീവിച്ചാണ് സിനിമയിൽ വീണ്ടും സജീവമായത്. ഭാര്യയും മക്കളും മരുമക്കളും ഉൾപ്പെടെയുള്ളവർ അന്ത്യനിമിഷം ഒപ്പമുണ്ടായി. കല്ലായിയിൽ മരം അളവുകാരനായും നാടകനടനായും ജീവിതം തുടങ്ങി വെള്ളിത്തിരയിൽ എത്തിയ മാമുക്കോയ നാലുപതിറ്റാണ്ടിനിടെ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. ‘ഇന്നത്തെ ചിന്താവിഷയ’ ത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’യാണ് ആദ്യചിത്രം. ‘പെരുമഴക്കാല’ ത്തിലെ അഭിനയത്തിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമർശം നേടി. നായക കഥാപാത്രത്തെ അവതരിപ്പിച്ച 'ഉരു' വാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.