മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു.
- IndiaGlitz, [Saturday,June 17 2017]
മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് പേരായി; ലളിതം സുന്ദരം. പൃഥ്വിരാജ് നായകനായ സെവൻത് ഡേയ്ക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണത്തിന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയേറ്ററുകളിലെത്തിക്കും. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ലളിതം സുന്ദരത്തിന് രചന നിർവഹിക്കുന്നത് നവാഗതനായ രതീഷ് രവിയാണ്.
പേര് സൂചിപ്പിക്കും പോലെ ലളിതസുന്ദരമായ ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്. ഇടുക്കി രാജകുമാരി സ്വദേശിയായ രാജകുമാരൻ എന്ന കഥാപാത്രത്തെയാണ് ലളിതം സുന്ദരത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടീച്ചേഴ്സ് ട്രെയിനറായ രാജകുമാരൻ ലളിതം എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി കൊച്ചിയിലെത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. ആശാശരത്തും ദീപ്തി സതിയുമാണ് ലളിതം സുന്ദരത്തിലെ നായികമാർ.
കൊച്ചിയിലും ഇടുക്കിയിലുമായി ആദ്യ ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ലളിതം സുന്ദരത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇന്ന് മുതൽ ഇടുക്കിയിൽ ആരംഭിക്കും. ആറ് ദിവസത്തെ ചിത്രീകരണമാണ് ഇടുക്കിയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഫ്ളാഷ് ബാക്ക് സീനുകളാണ് ഇടുക്കിയിൽ ചിത്രീകരിക്കുന്നത്. ലളിതം സുന്ദരത്തിന്റെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കിക്കഴിഞ്ഞു. ബാംഗ്ലൂരിൽ നവാഗതനായ ശരത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ശരത് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി ജൂലായ് 1 മുതൽ കൊല്ലത്ത് അജയ് വാസുദേവ് ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അജയ് വാസുദേവ് ചിത്രത്തിന്റെയും ലളിതം സുന്ദരത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്. രാഹുൽരാജാണ് ലളിതം സുന്ദരത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. എം. ജയചന്ദ്രൻ ഈണമിട്ട പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും