ബ്രഹ്മപുരത്തിന് സഹായ ഹസ്തവുമായി മമ്മൂട്ടി
- IndiaGlitz, [Tuesday,March 14 2023]
കാച്ചിക്കാർക്ക് വൈദ്യ സഹായവുമായി നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്നാഷനലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇന്നു മുതൽ സൗജന്യ പരിശോധനയ്ക്കെത്തും. ഡോ.ബിജു രാഘവൻ്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം. ഇവയിൽ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങൾ വിലയിരുത്താൻ ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെൽ, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
പുകയില്‍നിന്ന് സംരക്ഷണം നല്കുന്ന ഉന്നത നിലവാരത്തിലുള്ള മാസ്കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യ സംഘത്തിൻ്റെ പരിശോധന. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.