ഫെഫ്സിയുടെ തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരും: വിനയൻ
- IndiaGlitz, [Monday,July 24 2023]
തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സിയുടെ) പുതിയ നിബന്ധനയിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഫെഫ്സിയുടെ തീരുമാനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറേ ദിവസമായെങ്കിലും തമിഴ്നാട് സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ലെന്ന് വിനയൻ ചൂണ്ടിക്കാട്ടി. തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാള സിനിമാ ഇൻഡസ്ട്രി തയാറാകണമെന്ന് വിനയൻ പറയുന്നു.
കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകുമെന്നും വിനയൻ ഓർമപ്പെടുത്തി. കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയിയുടേയും കമൽ ഹാസൻെറയും രജനീ കാന്തിൻ്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്. നമ്മൾ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം. ഇന്ത്യ ഒന്നാണെന്നും എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകൾ നീങ്ങുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.