മഹാനാടൻ മധുവിന് ഇന്ന് നവതി

  • IndiaGlitz, [Saturday,September 23 2023]

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. മധുവിന് മലയാള ചലച്ചിത്ര ലോകത്തിൻ്റെ ആദരവ് അര്‍പ്പിച്ചു കൊണ്ട് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ‘മധുമൊഴി: ആഘോഷപൂര്‍വ്വം ഇതിഹാസ പര്‍വ്വം’ എന്ന പേരില്‍ ഇന്ന് നവതി ആഘോഷിക്കും. തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം. നടന്‍ മോഹന്‍ലാല്‍ അടക്കം സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തും. നാനൂറോളം സിനിമകളില്‍ അഭിനയിച്ച നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ചു. 2013 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.

12 സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത മാധവന്‍ നായര്‍ എന്ന മധു ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു. മധു അഭിനയിച്ച ചെമ്മീന്‍ 1965 ല്‍ രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് തിരുവനന്തപുരം മുൻ മേയർ ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933-ലാണ് ജനനം. നാട്ടിൻപുറത്തെ നാടകങ്ങൾ കണ്ടാണ് നടനാകാൻ മോഹിച്ചത്. നാഗർകോവിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളെജിൽ ഹിന്ദി അധ്യാപകനായിരിക്കെ 1959-ൽ ദൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാനായി അധ്യാപകൻ്റെ തൊഴിൽ ഉപേക്ഷിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിൽ വച്ച് നടൻ അടൂർ ഭാസിയാണ് മധുവിനെ സംവിധായകൻ രാമു കാര്യാട്ടിന് പരിചയപ്പെടുത്തിയത്. 1963-ൽ നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകാരന്മാരുടെ കഥകൾക്ക് മുഖമായ നായകന്മാരിൽ ഒരാളായി അദ്ദേഹം. എംടി, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ് കെ പൊറ്റക്കാട് തുടങ്ങിയ എഴുത്തുകാർ അക്ഷരം കൊണ്ട് ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ക്ക് മധു തിരശീലയില്‍ ജീവന്‍ നല്‍കി.