മലയാള സിനിമയുടെ ചിരിവസന്തം ഇന്നസെന്റ് യാത്രയായി
- IndiaGlitz, [Monday,March 27 2023]
മലയാള ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭ ഇന്നസെന്റ് (75) വിട പറഞ്ഞു. കാൻസർ രോഗബാധിതനായി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച്ച രാത്രി 10.30 നായിരുന്നു അന്ത്യം. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനു വച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതു ദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.
ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം തന്റേതായ ഇടം നേടി. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലുൾപ്പെടെ 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. മുൻ പാർലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വേർപാടിൽ സിനിമാ ലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.