ശബരിമലയിൽ ഇന്ന് മകരവിളക്ക്
- IndiaGlitz, [Saturday,January 14 2023]
ഭക്തലക്ഷങ്ങൾക്കു ദർശന സുകൃതത്തിൻ്റെ പുണ്യവുമായി ശബരിമലയിൽ ഇന്ന് മകരവിളക്ക്. മകര ജ്യോതി ദർശനത്തിൻ്റെ പുണ്യം നുകരാനായി അയ്യപ്പഭക്തർ തൊഴുകൈകളുമായി അയ്യപ്പൻ്റെ പൂങ്കാവനം ആകെ പർണശാലകൾ കെട്ടി കാത്തിരിക്കുകയാണ്. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്.സംക്രമ സന്ധ്യയിൽ അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം.
അയ്യപ്പ വിഗ്രഹത്തിൽ നിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്നു കൊടുത്തു വിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ അഭിഷേകം ചെയ്യും. ശേഷം അത്താഴ പൂജ കഴിഞ്ഞ് മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും. കോവിഡ് കഴിഞ്ഞുള്ള ആദ്യത്തെ മകര വിളക്കിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിൻ്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തീർഥാടകരുടെ മടക്ക യാത്രയ്ക്കായി 1000 കെഎസ്ആർടിസി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് ദർശനം 19 വരെയുണ്ട്. തീർഥാടനത്തിനു സമാപനം കുറിച്ചു കൊണ്ട് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.