മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ പൂർത്തിയായി
- IndiaGlitz, [Thursday,June 08 2023]
നടനും ഹാസ്യ കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മഹേഷ് ചികിത്സയിലുള്ളത്. മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് പൂർത്തിയായതെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മുറിയിലേക്ക് മാറ്റി. ഡ്രൈവർ ഉല്ലാസിൻ്റെയും ആരോഗ്യനില തൃപ്തികരമാണ്. ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നു എന്നും കാര്യമായ പരിക്കുകളില്ല എന്നുമാണ് വിവരം. അപകടത്തിന്‍റെ ആഘാതത്തിലാണ് എല്ലാവരും. പ്രാർത്ഥിക്കണം എന്നാണ് എല്ലാവരോടും അഭ്യർത്ഥിക്കുന്നതെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.