മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ; ശിക്ഷ വിധി നാളെ
Send us your feedback to audioarticles@vaarta.com
അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരനെന്നാണ് കോടതി വിധി. രണ്ടു പേരെ വെറുതെ വിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ശിക്ഷ നാളെ വിധിക്കും. സംഭവം നടന്ന് 5 വർഷത്തിനു ശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതി വിധി പറഞ്ഞത്. സാക്ഷികളിൽ പലരും വിചാരണക്കിടെ കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലൻ്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കൊല്ലപ്പെടുമ്പോൾ വെറും 27 വയസ്സ് മാത്രമായിരുന്നു മധുവിന് പ്രായം. ഏഴാംതരം വരെ പഠിച്ചു. അച്ഛൻ്റെ മരണത്തെത്തുടർന്ന് പഠിപ്പു നിർത്തി. കാടിനു സമീപത്തെ കവലയായ മുക്കാലിയിലെ കടയിൽ നിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്.
കൈകൾ ലുങ്കി കൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലു കിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു മർദിച്ചു കൊണ്ട് നടത്തിക്കുകയും മുക്കാലിയിലെത്തിയ ശേഷവും മർദിച്ചു. അവശനായ മധുവിനെ മൂന്നരയോടെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ കൊണ്ടു പോയി. ജീപ്പിൽ വെച്ച് മധു ഛർദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചു കഴിഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതമാണു മരണകാരണമെന്നു പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. തലയ്ക്കു പിന്നിൽ മാരകമാം വിധം മുറിവേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. ശരീരത്തിൽ 42 മുറിവുകളെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടിലും പറയുന്നു. മധുവിനെ മർദിക്കുന്നതിൻ്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout