എം.ടി.വാസുദേവൻ നായർ നവതിയുടെ നിറവിൽ

  • IndiaGlitz, [Saturday,July 15 2023]

മലയാളത്തിൻ്റെ ബഹുമുഖ പ്രതിഭ എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 90-ാം പിറന്നാൾ. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക കേരളം എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ഉൾപ്പടെയുള്ള പ്രമുഖർ തുഞ്ചൻ പറമ്പിൽ നടന്ന നവതി ആഘോഷ പരിപാടികളിൽ പങ്കെടുത്ത് എം.ടിക്ക് ആശംസകൾ നേർന്നു. സാഹിത്യ രചനയോടൊപ്പം തന്നെ കേരളത്തിൻ്റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം ടി പരിശ്രമിച്ചു. അതിൻ്റെ ഭാഗമായാണ് തുഞ്ചന്‍ സ്മാരക ട്രസ്റ്റിൻ്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എം.ടി വാസുദേവൻ നായരുടെ നേതൃത്വത്തില്‍ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പ് ഇന്ത്യന്‍ സാഹിത്യ ഭൂപടത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്‌, ചലചിത്ര സംവിധായകൻ, നിർമ്മാതാവ്, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ. 1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി.നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായിട്ടാണ് എം.ടി.വാസുദേവൻ നായർ ജനിച്ചത്. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കുമരനെല്ലൂർ ഹൈസ്‌ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എം.ടി പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം നടത്തി. ഐച്ഛിക വിഷയമായി എടുത്തത് രസതന്ത്രം ആയിരുന്നെങ്കിലും പിൽക്കാലത്ത് എഴുത്തിന്‍റെ വഴികളിലേക്ക് തിരിയുകയായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. അതിനിടെ തളിപ്പറമ്പിൽ ഗ്രാമസേവകൻ്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾ മാത്രമാണ് ജോലി ചെയ്തത്. പിന്നീട് മാതൃഭൂമിയിലായിരുന്നു ഏറെക്കാലവും എംടി ജോലി ചെയ്തത്. 1995-ൽ ഭാരതത്തിലെ സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം.ടിക്ക്‌ ലഭിച്ചു. 2005 ൽ എം.ടിയെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013 ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ എം.ടിക്ക് ലഭിച്ചിട്ടുണ്ട്.