രാജസ്ഥാൻ റോയൽസിനെ മറികടന്ന് ലക്നൗ സൂപ്പർ ജയന്റ്സ്

സീസണിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി. 10 റണ്‍സിനാണ് കെ എല്‍ രാഹുലും കൂട്ടരും ലക്നൗ സൂപ്പർ ജയന്റ്സിനെ വിജയ പഥത്തിലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കസ് സ്റ്റോയിണിസുമാണ് ലഖ്‌നൗ ജയത്തില്‍ നിര്‍ണ്ണായകമായത്. 32 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ രാജസ്ഥാന് സാധിച്ചുള്ളൂ.

അർധസെഞ്ചറിയുമായി ജോസ് ബട്‍ലർ-യശസ്വി ജയ്സ്വാൾ സഖ്യം കൂട്ടുകെട്ട് മികച്ച തുടക്കം സമ്മാനിച്ചതിനു ശേഷമാണ് രാജസ്ഥാൻ തോൽവിയിലേക്ക് കൂപ്പുകുത്തിയത്. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്ന റിയാൻ പരാഗ്- ദേവ്ദത്ത് പടിക്കൽ സഖ്യത്തിന് പ്രതീക്ഷിച്ച രീതിയിൽ റൺസ് നേടാനാകാതെ പോയതാണ് രാജസ്ഥാന് തിരിച്ചടിയായത്. രണ്ട് ബൗണ്ടറി നേടിയ സ്‌റ്റോയിണിസിനെ സന്ദീപ് ശര്‍മ പുറത്താക്കിയപ്പോള്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ പൂരനെ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ റണ്ണൗട്ടാക്കി. ക്രുണാല്‍ പാണ്ഡ്യ (2 പന്തില്‍ 4*) യുധവീര്‍ സിങ് (1 പന്തില്‍ 1*) പുറത്താവാതെ നിന്നു. രാജസ്ഥാനായി അശ്വിന്‍ രണ്ടും ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.