റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ വമ്പന്‍ പിഴ. റോയല്‍സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ബാംഗ്ലൂര്‍ എറിഞ്ഞിരുന്നത്. ഇതോടെ കോഹ്‍ലിക്ക് 24 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ചതോടെ ആണ് കോഹ്‍ലിക്ക് പിഴ കൂട്ടിയത്. വരും മത്സരങ്ങളിലും തെറ്റ് ആവര്‍ത്തിച്ചാല്‍ കോഹ്‍ലിക്ക് ഒരു മത്സര വിലക്ക് അടക്കം വന്നേക്കും.
ഏപ്രില്‍ പത്തിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നടന്ന മത്സരത്തില്‍ ഡൂപ്ലെസി ബാംഗ്ലൂരിനെ നയിച്ചപ്പോഴും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഐ.പി.എൽ പെരുമാറ്റച്ചട്ട പ്രകാരം കുറഞ്ഞ ഓവർ നിരക്കിന് ബാംഗ്ലൂർ ടീമിന് ലഭിക്കുന്ന രണ്ടാം പിഴയാണിത്. മറ്റു താരങ്ങൾക്ക് ഓരോരുത്തർക്കും ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ ലഭിക്കും. വരുന്ന ബുധനാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടൂർണമെന്റിൽ ആർസിബിയുടെ അടുത്ത മത്സരം.