മുരളിയുമായുള്ള പ്രണയം ആദ്യം പറഞ്ഞത് ജയേട്ടനോട്: ശിവദ
- IndiaGlitz, [Wednesday,March 15 2023]
തെന്നിന്ത്യൻ ചലച്ചിത്ര നടിയായ ശിവദ എന്ന ശ്രീലേഖ 2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് കുറേ കാലം ചാനൽ പരിപാടികളിൽ അവതാരികയായിരുന്നു. ഇന്ത്യഗ്ലിറ്റ്സിൻ്റെ പൊന്നഴകിൽ പ്രിയതാരങ്ങൾ എന്ന പരിപാടിയിൽ തൻ്റെ വിവാഹത്തെ കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ശിവദ. ശ്രീലേഖ എന്ന എൻ്റെ പേര് വളരെ കുറച്ച് പേർക്ക് മാത്രമെ അറിയൂ. സിനിമ എന്ന ആഗ്രഹം കുറവായിരുന്നു. സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്യാൻ തുടങ്ങിയപ്പോഴാണ് സിനിമ വേണമെന്ന് തോന്നി തുടങ്ങിയത്. നിരവധി തവണ ഓഡീഷന് പോയി റിജക്ടായിട്ടുണ്ട് എന്ന് ശിവദ പറഞ്ഞു.
നീലത്താമര, പാലേരിമാണിക്യം എന്നീ സിനിമകൾക്കും ഓഡീഷൻ കൊടുത്തിട്ടുണ്ട്. പക്ഷെ ആ വസ്ത്രം എനിക്ക് കംഫർട്ട് അല്ലായിരുന്നു. പിന്നീടാണ് കേരള കഫെയിലേക്ക് അവസരം വന്നത്. എനിക്ക് റൊമാൻസും കോമഡിയും പാടാണ്. അതു ചെയ്യുമ്പോൾ ടെൻഷനാണ് എനിക്ക്. സു സു സുധീ വാത്മീകം കഴിഞ്ഞ ശേഷമാണ് കേരളത്തിൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്, നടി കൂട്ടിച്ചേർത്തു. ഒരു പടം മലയാളത്തിൽ ഹിറ്റായ ശേഷമെ വിവാഹം ചെയ്യുവെന്ന് തീരുമാനിച്ചിരുന്നു. അത് മുരളിയോട് പറയുകയും ചെയ്തിരുന്നു. സു സു സുധീ വാത്മീകത്തിലേക്ക് കോള് വന്നത് എൻ്റെ എൻഗേജ്മെന്റ് കഴിഞ്ഞ ശേഷമാണ്. സിനിമ ഹിറ്റായി ഉടനെ ഞാൻ വിവാഹം കഴിച്ചു. അന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു ഇപ്പോൾ ഒരു പടം ഇറങ്ങി ഹിറ്റായതല്ലേ ഉള്ളൂ എന്തിനാണ് ഇത്രയും വേഗം വിവാഹം കഴിക്കുന്നതെന്ന്. തമിഴിൽ നിന്നും മലയാളത്തിൽ നിന്നും എല്ലാം ഈ ചോദ്യം കേട്ടിരുന്നു. ഞാൻ എന്തോ ആപത്തിലേക്ക് പോകുന്നപോലെ തോന്നി. കല്യാണം കുറച്ച് നീട്ടി വെച്ചാലോയെന്ന് വരെ മുരളിയോട് അവസാനം ഞാൻ ചോദിച്ചിരുന്നു.
മുരളിയുമായുള്ള എൻ്റെ പ്രണയം ഞാൻ ആദ്യം പറഞ്ഞത് ജയേട്ടനോടും സരിത ചേച്ചിയോടുമാണ്. എന്തും തുറന്നു പറയാവുന്ന ഒരു ബന്ധം ആണ് ജയേട്ടനോടും ചേച്ചിയോടുമുള്ളതെന്ന് ശിവദ പറഞ്ഞു. കല്യാണം കഴിഞ്ഞ് റിസപ്ഷനും കഴിഞ്ഞ് താലി ചരടിൽ നിന്നും മാറ്റുന്ന ചടങ്ങ് പോലും നടക്കാതെയാണ് ഞാൻ ഷൂട്ടിന് പോയത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ ശിവദയുണ്ടോ എന്ന അവതാരിക പൊന്നിയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് അത് പൃഥ്വിരാജിനോട് തന്നെ ചോദിക്കണം എന്നായിരുന്നു ഇന്ത്യഗ്ലിറ്റ്സിനു തന്ന അഭിമുഖത്തിൽ ശിവദയുടെ മറുപടി.