ലോഹിതദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് 14 വയസ്
- IndiaGlitz, [Wednesday,June 28 2023]
പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാള ചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനാണ് ലോഹിതദാസ്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രതിഭ തെളിയിച്ചു. 1955 മേയ് 10ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തു പറമ്പിൽ വീട്ടിൽ കരുണാകരൻ്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദ പഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.
നാടകത്തിലൂടെ ആയിരുന്നു കലാ രംഗത്തേയ്ക്കുള്ള ലോഹിതദാസിൻ്റെ അരങ്ങേറ്റം. തോപ്പിൽ ഭാസിയുടെ 'കേരള പീപ്പിൾസ് ആർട്സ് ക്ലബ്' എന്ന നാടക വേദിക്ക് വേണ്ടി എഴുതിയ 'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യ നാടകം. ആദ്യ നാടകത്തിലൂടെ തന്നെ സംസ്ഥാന സർക്കാരിൻ്റെ പുരസ്‌ക്കാര നേട്ടം സാധ്യമായപ്പോൾ ജീവിതം നാടകത്തിനായി സമർപ്പിച്ചു. എഴുത്തു മാത്രമായിരുന്നില്ല അഭിനേതാവായും ലോഹി നാടകലോകത്ത് നിറഞ്ഞു നിന്നിരുന്നു. 1987ൽ സിബി മലയിലിനു വേണ്ടി 'തനിയാവർത്തനം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചപ്പോൾ ആ വർഷം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലോഹിക്ക് നേടിക്കൊടുത്തു. ഭരതൻ-ലോഹിതദാസ്, സിബിമലയിൽ-ലോഹിതദാസ്, ഈ കൂട്ടുകെട്ടിൽ നിരവധി മികച്ച സിനിമകളാണ് മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. വാടക ഗർഭപാത്രം എന്നത് ഇന്ത്യയിൽ ഒരാൾ പോലും ചർച്ച ചെയ്യപ്പെടാതിരുന്ന സമയത്താണ് ലോഹിതദാസ് ദശരഥം എഴുതിയത്. കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങൾ ലോഹിതദാസ്- സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്നു. എഴുതാപ്പുറങ്ങൾ, കുടുംബപുരാണം, ജാതകം, മുദ്ര, മഹായാനം, മൃഗയ, മാലയോഗം, രാധാമാധവം, സസ്നേഹം, ഹിസ് ഹൈനസ് അബ്ദുള്ള, ആധാരം, അമരം, വെങ്കലം, വാത്സല്യം, പാഥേയം, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട തിരക്കഥകൾ. 1997ൽ പുറത്തിറങ്ങിയ 'ഭൂതക്കണ്ണാടി'യിലൂടെ ആയിരുന്നു സംവിധായകനായുള്ള തുടക്കം. കാരുണ്യം, ഓർമ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, നിവേദ്യം തുടങ്ങി 12 ചിത്രങ്ങൾ ലോഹിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി. മോഹൻലാലിനെ നായകനാക്കി ഒരുക്കാനിരുന്ന സ്വപ്ന പദ്ധതി 'ഭീഷ്മരെ' എഴുതി പൂർത്തിയാക്കാതെ 2009 ജൂൺ 28ന് ലോഹിതദാസ് വിടപറഞ്ഞു.