ലൈഫ് മിഷൻ കോഴ: യുണീടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ
- IndiaGlitz, [Tuesday,March 21 2023]
ലൈഫ് മിഷൻ കോഴ കേസിൽ യുണീടാക് എംഡി സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തു. ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം. നാലു കോടിയോളം രൂപ കോഴ നല്കിയതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വപ്ന സുരേഷിൻ്റെ ലോക്കറിൽനിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ സന്തോഷ് ഈപ്പൻ്റെ കമ്പനിക്കായിരുന്നു. സ്വപ്ന സുരേഷിൻ്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നൽകി തുടങ്ങി നിരവധി ആരോപണങ്ങളാണ് സന്തോഷ് ഈപ്പന് എതിരെയുള്ളത്.