ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല

  • IndiaGlitz, [Monday,February 27 2023]

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഇന്ന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചു. അതേസമയം രവീന്ദ്രൻ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ഇ ഡി കഴിഞ്ഞ ദിവസം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇന്നു ഹാജരായില്ലെങ്കിൽ ഇഡി തുടർന്നും നോട്ടിസ് നൽകും.

മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ ഡി ചോദ്യം ചെയ്യാനിടയുണ്ട്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.