പ്രതിപക്ഷ നേതാവ് വ്യക്തിപരമായി അധിക്ഷേപിച്ചു: വീണാ ജോർജ്

  • IndiaGlitz, [Monday,March 13 2023]

നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. നമുക്കൊരു ആരോഗ്യ മന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രി, കാരണം വിഷപ്പുക മുഴുവൻ നിറഞ്ഞ് പത്താം ദിവസം കൊച്ചിയിലെ ആളുകളോട്, നിങ്ങൾ മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച ഒരു ആരോഗ്യ മന്ത്രി എന്നായിരുന്നു സതീശൻ്റെ വാക്കുകൾ. ബ്രഹ്മപുരത്ത് തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നും 12 ദിവസമായി കത്തിക്കൊണ്ടിരിക്കുക ആണെന്നും വി.ഡി.സതീശൻ പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യ നീക്കത്തിന് കരാർ എടുത്ത കമ്പനി പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും, തീ പിടിപ്പിച്ച കമ്പനിയെ തദ്ദേശമന്ത്രി ന്യായീകരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞതോടെ ഭരണപക്ഷം ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച രണ്ട് മൊബൈല്‍ യൂനിറ്റുകളും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈല്‍ യൂനിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഈ ക്ലിനിക്കുകള്‍ മൊബൈല്‍ റിപ്പോര്‍ട്ടിങ് സെന്ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് എന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.