പുതുപ്പള്ളിയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി

  • IndiaGlitz, [Tuesday,September 05 2023]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ഒന്നര മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. രാവിലെ ഒന്‍പത് മണിവരെ 12.3 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര ദൃശ്യമായിരുന്നു. വൈകിട്ട് ആറുവരെയാണ് വോട്ടിങ്. യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയിരുന്നു.

ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി. കണിയാകുന്ന് എൽ പി സ്കൂളിലെ ബൂത്തിലെത്തിയാണ് ജെയ്ക് സി തോമസ് വോട്ടു ചെയ്തത്. പിതാവിൻ്റെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷമായിരുന്നു ജെയ്ക് വോട്ടു ചെയ്യാനെത്തിയത്. കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മൻ വോട്ടു ചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടിയ്ക്കൊപ്പം വോട്ടു ചെയ്യാനെത്തി. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. ഉമ്മൻചാണ്ടി നേടിയ എക്കാലത്തെയും വലിയ ഭൂരിപക്ഷമായ 33,000 ചാണ്ടി ഉമ്മനിലൂടെ മറികടക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ എങ്കിലും 53 വർഷത്തിനു ശേഷം ജയ്ക് സി തോമസിലൂടെ മണ്ഡലം തിരിച്ചു പിടിക്കും എന്നാണ് എൽഡിഎഫിൻ്റെ പ്രഖ്യാപനം. വോട്ടു നില മെച്ചപ്പെടുത്തും എന്നാണ് ബിജെപിയുടെ അവകാശ വാദം.