ലാവ്ലിൻ കേസ് 34-ാം തവണയും മാറ്റി
- IndiaGlitz, [Tuesday,July 18 2023]
എസ്എന്‍സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വെച്ചു. സെപ്റ്റംബർ 12ആണ് പുതിയ തീയ്യതി. സിബിഐയുടെ ആവശ്യത്തിലാണ് ഇത്തവണ കേസ് മാറ്റിയത്. ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിൻ്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചാൽ ഹാജരാകുന്നതിൽ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാൽവെ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തർ ആക്കിയതിന് എതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്ക് എതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.