അറുപതാം പിറന്നാൾ നിറവിൽ കെ എസ് ചിത്ര
- IndiaGlitz, [Thursday,July 27 2023]
മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് 60ാം പിറന്നാൾ. പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ലാതെ ചിത്രഗീതങ്ങൾ പിറവിയെടുത്തു കൊണ്ടിരിക്കുന്നു. നന്നായി പാടുകയും അതിനേക്കാൾ ഏറെ പാട്ടിനെ സ്നേഹിക്കുകയും ചെയ്ത കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. ആദ്യ ഗുരുവും അച്ഛനായിരുന്നു. പാട്ടുകൾക്ക് വളരെ പ്രാധാന്യമുള്ള സിനിമാ ലോകത്ത് ചിത്രയ്ക്ക് വേണ്ടി മാത്രം വരികൾ എഴുതപ്പെടുകയും പാട്ടുകൾ രൂപപ്പെടുകയും ചെയ്തു. എത്ര നീണ്ടുപോയാലും ഇടറാത്ത ശബ്ദം, എല്ലാ പാട്ടിലും അതാവശ്യപ്പെടുന്ന ഭാവങ്ങൾ, എല്ലാ ഭാഷകളിലും പാടാനുള്ള പ്രാവീണ്യം ഇവയെല്ലാം ചിത്രയെ മറ്റ് ഗായികമാരിൽ നിന്നും വേറിട്ട് നിർത്തി.
തെന്നിന്ത്യൻ സിനിമാ സംഗീത പ്രേമികൾ എല്ലാകാലത്തും ഏറ്റു പാടിയിരുന്ന പാട്ടുകൾ ചിത്രയുടേത് ആയിരുന്നു. അന്യഭാഷകളിൽ ചിത്രയോളം പാട്ടുകൾ പാടിയ മറ്റൊരു ഗായികയില്ല. ഇളയരാജയും ചിത്രയും ഒന്നിച്ച എത്രയോ മനോഹര ഗാനങ്ങൾ ഇന്നും തമിഴ് ജനതയുടെ ജീവിതത്തിൻ്റെ ഭാഗമായിത്തന്നെ തുടരുന്നുണ്ട്. ബോംബെ സിനിമയിലെ കണ്ണാലനെ, പുതു പുതു അർഥങ്ങളിലെ ഗുരുവായൂരപ്പാ, ഓട്ടോഗ്രാഫ് എന്ന സിനിമയിലെ ഒവ്വറു പൂക്കളുമേ തുടങ്ങി ചിത്ര പാടിയതെല്ലാം തന്നെ കോളിവുഡിൻ്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഗാനങ്ങൾ ആയിരുന്നു. എസ് പി ബാലസുബ്രമണ്യവും ഇളയരാജയും ചിത്രയും ചേരുമ്പോൾ സംഭവിക്കുന്ന മാജിക് വിവരിക്കാൻ കഴിയാത്തതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , കൊറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ്. കൂടുതൽ ഒപ്പം പാടിയത് യേശുദാസും ബാലസുബ്രഹ്മണ്യവും എം.ജി.ശ്രീകുമാറുമാണ്. മെലഡി ക്വീൻ ഓഫ് ഇന്ത്യ, ഗോൾഡൻ വോയ്സ് ഓഫ് ഇന്ത്യ, വാനമ്പാടി, ചിന്നക്കുയിൽ തുടങ്ങി നിരവധി വിശേഷണങ്ങൾ നേടിയ ഗായിക കൂടിയാണ് ചിത്ര.