കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ഇന്നും നാളെയും അവധി

  • IndiaGlitz, [Thursday,September 14 2023]

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ നിപ പോസിറ്റീവ് കേസാണിത്.

മൂന്ന് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും അന്തിമ തീരുമാനം എടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വീണ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 11 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 3 പേർ വീടുകളിൽ ഐസോലേഷനിൽ കഴിയുന്നുണ്ട്. ഹൈ റിസ്ക് കോണ്ടാക്ടുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് ദിശയുടെ സേവനവും ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.